കറാച്ചി: അഞ്ചു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ചരക്ക് വിമാനം
പാക്കിസ്ഥാന് തീരത്തിന് സമീപം കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
യു.എ.ഇയിലെ ഷാര്‍ജയില്‍ നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് വരികയായിരുന്ന
ബോയിംഗ് 737 വിമാനമാണ് കാണാതായത്. ചൊവ്വാഴ്ച
രാത്രിയാണ് വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്ട്രോളിന് നഷ്ടമായതെന്ന്
പാക്കിസ്ഥാന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
സ്വകാര്യ ചരക്ക് വിമാനക്കമ്പനിയായ കെ2 എയര്‍വേയ്സിന്റെ
ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം.
2018-ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. വിമാനത്തില്‍ ഉണ്ടായിരുന്ന അഞ്ച്
ജീവനക്കാരുടെ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പാക്കിസ്ഥാന് സിവില്‍
ഏവിയേഷന്‍ അതോറിറ്റിയുമായും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും പൂര്‍ണ്ണമായി
സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കമ്പനി, കാണാതായ
സഹപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായും പ്രസ്താവനയിലൂടെ
അറിയിച്ചു. അപകടത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് വിമാനത്തിന്റെ നാവിഗേഷന്‍
സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതായി സന്ദേശം ലഭിച്ചിരുന്നതായി വിമാനത്താവള
അധികൃതര്‍ വ്യക്തമാക്കി.
ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഫ്ലൈറ്റ്റേഡാര്‍24-ല്‍ നിന്നുള്ള പ്രാഥമിക വിവരങ്ങള്‍
അനുസരിച്ച്, വിമാനത്തിന്റെ ഉയരത്തില്‍ പെട്ടെന്ന് വലിയ വ്യതിയാനങ്ങള്‍
സംഭവിക്കുകയും തുടര്‍ന്ന് താഴേക്ക് കുതിക്കുകയുമായിരുന്നു. കാണാതായ വിമാനത്തിനും
ജീവനക്കാര്‍ക്കുമായി പാക്കിസ്ഥാന് നാവികസേനയും വ്യോമസേനയും ഉള്‍പ്പെടെയുള്ള
വിവിധ ഏജന്‍സികളെ തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്.
കറാച്ചി തീരക്കടല്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ തിരച്ചില്‍
പുരോഗമിക്കുന്നത്. പാക്കിസ്ഥാനില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വ്യോമദുരന്തം
2020-ലാണ് സംഭവിച്ചത്. പാക്കിസ്ഥാന്
ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം കറാച്ചി വിമാനത്താവളത്തിന് സമീപം
തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 99 യാത്രക്കാരില്‍ 97 പേരും കൊല്ലപ്പെട്ടിരുന്നു.
